എക്സ്പെരിയോണ്‍ ടെക്നോളജീസ് വന്‍തോതില്‍ റിക്രൂട്ടിങ്ങിന് ഒരുങ്ങുന്നു
ആഗോളതലത്തിൽ സാന്നിധ്യമുള്ള മലയാളി ഡിജിറ്റൽ പ്രോഡക്ട് എൻജിനീയറിങ് കമ്പനിയായ എക്സ്പെരിയോൺ ടെക്നോളജീസ് വൻതോതിൽ റിക്രൂട്ടിങ്ങിന്. നിലവിൽ 1100 പേർ ജോലി ചെയ്യുന്ന സ്ഥാപനം 3 വർഷത്തിനകം തുടക്കക്കാർ ഉൾപ്പെടെ 1900 പേരെക്കൂടി നിയമിക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ നിയമനം 500 പേർക്ക്. യുഎസ്, യുകെ, ജർമനി, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഓഫിസുകളുള്ള എക്സ്പെരിയോണിന്റെ ആസ്ഥാനം തിരുവനന്തപുരം ടെക്നോപാർക്കാണ്. കൊച്ചി ഇൻഫോപാർക്കിലും ഓഫിസുണ്ട്.
കോഴിക്കോടും പുതിയ ഓഫിസ് ആരംഭിക്കാൻ പദ്ധതിയിടുന്നു. 35 രാജ്യങ്ങളിലായി 350 ലേറെ കമ്പനികളാണ് എക്സ്പെരിയോണിന്റെ ക്ലയന്റ് പട്ടികയിലുള്ളത്. 15 വർഷം മുൻപു സ്ഥാപിതമായ കമ്പനി ട്രാൻസ്പോർട്ടേഷൻ, റീട്ടെയിൽ, ഹെൽത്ത് കെയർ, ഫിനാൻഷ്യൽ സർവീസസ് മേഖലകളിലെ കമ്പനികൾക്കായി സോഫ്റ്റ്‌വെയർ പ്രോഡക്ടുകളാണു ലഭ്യമാക്കുന്നത്.